വെളുവെളുത്ത ചേച്ചിയേയും ഇരുണ്ട എന്നെയും ചൂണ്ടിക്കാട്ടി എല്ലാവരും പരിഹസിച്ചപ്പോഴും കരഞ്ഞിട്ടേ ഉള്ളു

വെളുത്ത ചര്‍മത്തോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശം പ്രസിദ്ധമാണ്. ചര്‍മത്തിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും ഇന്ത്യയില്‍ ഒരു വ്യക്തിയുടെ സൗന്ദര്യത്തിന് മാര്‍ക്കിടുന്നത്, ഒരുപക്ഷേ വ്യക്തിത്വത്തിന് പോലും. ഇരുണ്ട ചര്‍മത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മാറ്റിനിര്‍ത്തലുകള്‍, പരിഹാസങ്ങള്‍ തുടങ്ങി കറുത്തവളായി അല്ലെങ്കില്‍ കറുത്തവനായി ജനിച്ചുപോയതിന്റെ പേരില്‍ അപകര്‍ഷതയില്‍ മുങ്ങിയ ഒരു ബാല്യം പലര്‍ക്കുമുണ്ടാകും. തൊലിക്കറുപ്പിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ദര്‍ശന എന്ന യുവതി

ഒരു നിറമെന്നതിലുപരി എന്നെ ഇത്രക്കും വിഷമിപ്പിച്ച മറ്റൊരു വാക്കില്ല. തൊലി നിറം ഒരല്‍പ്പം ഇരുണ്ടു പോയതിനാല്‍ ഒരുപാട് പേരുകള്‍ എനിക്ക് ചാര്‍ത്തപ്പെട്ടിരുന്നു. അച്ഛന്റെ black coffee ആയിരുന്നു. പിന്നീടെന്നോ അത് ‘ കാലാ’ എന്നായി മാറി. മറ്റു ചിലര്‍ക്ക് ഞാന്‍ കറുത്ത മുത്തായി. എത്രയോ രാത്രികള്‍ എന്റെ നിറത്തെയോര്‍ത്ത് ഞാന്‍ കണ്ണീര്‍ വാര്‍ത്തു. വെളുവെളുത്ത ചേച്ചിയേയും ഇരുണ്ട എന്നെയും ചൂണ്ടിക്കാട്ടി എല്ലാവരും പരിഹസിച്ചപ്പോഴും കരഞ്ഞിട്ടേ ഉള്ളു.

കുട്ടിക്കാലത്ത് ഡ്രസ്സ് എടുക്കുമ്പോള്‍ ചില നിറങ്ങള്‍ എനിക്ക് നിഷേധിക്കപ്പെട്ടു. അവ അണിഞ്ഞാല്‍ ഞാന്‍ ഇനിയും ഇരുണ്ടതായി തോന്നുമെന്നു പറഞ്ഞ് ഞാന്‍ അതെല്ലാം ഒഴിവാക്കി .. അച്ഛന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ പാവകള്‍ക്കൊപ്പം എനിക്കു മാത്രമായി കുറെ ക്രീമുകളും കൊണ്ടു വന്നിരുന്നു. Dove ഉം Nivea ഉം അങ്ങനെയങ്ങനെ…. അതിനു ശേഷം എത്രയോ ഉത്പന്നങ്ങള്‍ നിറം വര്‍ധിപ്പിക്കാനായി ഉപയോഗിച്ചു. പച്ചമഞ്ഞളും കുങ്കുമാദിലേപവും നാല്‍പ്പാമരാദി തൈലവും … ഈ list ന് അവസാനമില്ലാത്തതിനാല്‍ തത്ക്കാലം നിര്‍ത്തുന്നു. പിന്നീടെന്നോ വെള്ളം കുടിച്ചാല്‍ കൂടുതല്‍ നിറം വര്‍ധിക്കുമെന്നറിഞ്ഞു. അതിനു ശേഷം കുടിച്ചു വറ്റിച്ച വെള്ളത്തിനു കണക്കില്ല. ഓരോ പരീക്ഷണത്തിന് മുന്‍പും ഞാന്‍ ഒരുപാട് സ്വപ്നം കണ്ടു. വെളുക്കുന്നതും സുന്ദരിയാവുന്നതും സ്വപനം കണ്ട് ഞാന്‍ ഉറങ്ങി. പക്ഷെ ഒരോ ഉത്പന്നവും തോല്‍വി സമ്മതിക്കുമ്പോഴൊക്കെയും തൊലിപ്പുറത്തെ ആ കറുപ്പ് എന്നെ നോക്കി കൊഞ്ഞനം കുത്തി..

കൗമാരത്തിലേക്ക് കടന്നപ്പോള്‍ ഞാന്‍ എന്റെ നിറത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായി. കടുത്ത അപകര്‍ഷതാബോധം എന്നെ ചുറ്റിവരിഞ്ഞു. ഞാന്‍ എന്നിലേക്കൊതുങ്ങി. സൗന്ദര്യമില്ലാത്തവള്‍ക്ക് ബുദ്ധിയെങ്കിലും വേണമെന്ന് എങ്ങനെയോ എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു .പുസ്തകങ്ങളിലേക്കും പഠനത്തിലേക്കുമായി ഞാന്‍ എന്നെ ഒതുക്കി. പരീക്ഷകളില്‍ ഒന്നാമതാവാന്‍ വേണ്ടി പഠിച്ചു. പ്രയത്‌നിച്ചു. മന:പ്പൂര്‍വ്വം ഞാന്‍ എന്റെ നിറത്തെ മറന്നതായി ഭാവിച്ചു. പ്രണയം സൗന്ദര്യവും നിറവുമുളളവര്‍ക്ക് അനുഭവിക്കാന്‍ സൃഷ്ടിച്ചതാണെന്ന മിഥ്യാ ധാരണയില്‍ എന്റെ ഇഷ്ടങ്ങളൊക്കെയും എന്നില്‍ ചരമം കൊണ്ടു.

കറുത്തിരുണ്ടവളായി തന്നെ ഞാന്‍ 20ാം വയസ്സിലെത്തി. അന്ന് ഞാന്‍ മറ്റൊരു സത്യം മനസ്സിലാക്കി.ഒരിക്കല്‍ അമ്മയുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ അമ്മ ഒരു കാര്യം പറഞ്ഞു.’നിന്റെ ചേച്ചിക്ക് നിന്നേക്കാള്‍ നിറവും മുടിയും സൗന്ദര്യവും പഠിപ്പും ജോലിയും എല്ലാമുണ്ടായിട്ടും ഇതുവരെയും കല്ല്യാണമൊന്നും ശരിയായില്ലാ. നീയൊന്ന് ആലോചിച്ച് നോക്ക് ഇതൊന്നുമില്ലാത്ത നീ പഠിക്കേം കൂടി ചെയ്യാതിരുന്നാല്‍…? എന്തോ … അമ്മ അത് പൂര്‍ത്തിയാക്കിയില്ല. ഞാനൊന്ന് ചിരിക്കാന്‍ ശ്രമിച്ചു. നിറയുന്ന കണ്ണുകളെ മറയ്ക്കാന്‍ പാടുപ്പെട്ടു. അന്ന് ഞാന്‍ കുറെ ആലോചിച്ചു, കരഞ്ഞു. അമ്മ പറഞ്ഞതും ശരിയല്ലേ? വെളുത്ത് സുന്ദരിയായ ആ tech-കാരിയായ ചേച്ചിക്ക് ഇതുവരെ കല്ല്യാണം ശരിയായില്ലെങ്കില്‍ കറുത്തിരുണ്ട degreeക്കാരിയായ എന്നെ ആരേലും കല്ല്യാണം കഴിയ്‌ക്കോ?? വിവാഹ കമ്പോളത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് എന്റെ സ്ഥാനമെന്ന് അന്ന് ഞാനറിഞ്ഞു. മുഖത്തിനല്ല സൗന്ദര്യം, മനസ്സിനാണെന്ന് എന്നെ സ്വയം പഠിപ്പിക്കുമ്പോഴും ഇടക്കൊക്കെ ഇത്തരം ചില സംഭവങ്ങള്‍ എന്നെ തളര്‍ത്തി.

നാലു മാസം മുന്‍പ് എന്റെ വല്യച്ഛന്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നു. കഴിഞ്ഞ കുറെ ദിവസങ്ങളില്‍ ഒരു പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് എന്റെ തൊലി പറിച്ചു കളയാനായിരിക്കും !!’നീയെന്തേ ഇത്ര കറുത്തു പോയെന്ന് ‘ചോദിക്കുന്ന വല്യച്ഛന്റെ സ്‌നേഹ പ്രകടനം എന്നെ തെല്ലും സന്തോഷിപ്പിച്ചില്ല.. കരകയറികൊണ്ടിരുന്ന അപകര്‍ഷതാ ബോധത്തിന്റെ പടു കുഴിയിലേക്ക് അതെന്നെ പിന്നെയും തള്ളിയിട്ടു.. ആരും കാണാതെ കരഞ്ഞു.. പിന്നെ ചിരിച്ചു തള്ളി കളയാനും…

എന്റെ നിറത്തെ കുറിച്ച് എന്നേക്കാളും വിഷമം മറ്റുള്ളവര്‍ക്കാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. നിറം വര്‍ധിക്കാനും മുഖത്തെ കറുത്ത പാടുകള്‍ മാറാനുമായി കുങ്കുമാദിലേപം നിര്‍ദേശിച്ചത് ബസ് യാത്രയില്‍ കണ്ടുമുട്ടിയ ഒരു മുസ്ലിം സ്ത്രീ ആയിരുന്നു… പച്ചമഞ്ഞളും ആര്യ വേപ്പിലയും അരച്ച് മുഖത്ത് പുരട്ടാന്‍ പറഞ്ഞത് ഒരു അമ്മമ്മയാണ്..

കുഞ്ഞു നാളില്‍ മാറ്റി നിര്‍ത്തിയ ആ നിറങ്ങളെ അണിയാന്‍ ഇന്നെനിക്കു തോന്നാറുണ്ട്. അപ്പോഴും ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ട് നിനക്കിത് ചേരില്ലെന്ന്. അത്രക്കും ആണ്ടുപോയൊരു വിശ്വാസം !!പക്ഷെ അതിനെ മറികടന്നേ മതിയാവു..

കറുപ്പിനേഴഴകാണെന്ന് പറയുമ്പോളും ബാക്കി 93 ഉം വെളുപ്പിനാണെന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് ഞാനും ജീവിക്കുന്നത്. ഈ ഇന്ത്യാ മഹാരാജ്യത്ത് പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍ ഈ ചിന്ത വളരെ അധികമാണ്. ബാഹ്യസൗന്ദര്യത്തെ ആരാധിക്കുകയും അതില്‍ ആകൃഷ്ടരാവുന്നവരുമാണ് ബഹുഭൂരിപക്ഷം ആളുകളും..

21 വര്‍ഷത്തിനിടയില്‍ ഒരുപാട് തവണ നിറത്തിന്റെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്..എന്നിട്ടും ഇപ്പോഴും ചിരിക്കുന്നത് കൈ പിടിച്ചു കൂടെ വന്ന സുഹൃത്തുക്കളും ചേര്‍ത്തു നിര്‍ത്തിയ അദ്ധ്യാപകരും ഉള്ളതുകൊണ്ടാണ്.. വൈകിയാണെങ്കിലും മനസിലാക്കിയ മറ്റൊരു കാര്യം കൂടിയുണ്ട്.. മലയാളികള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് ഒരാളുടെ കുറവുകളെ ചൂണ്ടികാണിച്ചു കൊണ്ടാണ്.. ‘നീ വല്ലാതങ്ങട് മെലിഞ്ഞല്ലോ ??അല്ലെങ്കില്‍ വല്ലാതെ തടിച്ചല്ലോ ?? ‘
അങ്ങനെ പോകുന്നു ക്ഷേമന്വേഷണം..കേള്‍ക്കുന്ന ആള്‍ക്ക് ഒരിക്കലും സന്തോഷം നല്‍കില്ലാന്നു അറിഞ്ഞുകൊണ്ട് തന്നെ നാം ഇത് ആവര്‍ത്തിക്കുന്നു..

കുറ്റങ്ങളും കുറവുകളും എല്ലാ മനുഷ്യരിലുമുണ്ട്.നമ്മുടെ കുറവുകളെ ആദ്യം മനസ്സിലാക്കേണ്ടത് നമ്മള്‍ തന്നെയാണ്.. അതിനു ശേഷം ആലോചിക്കുക.. അത് ശരിക്കും ഒരു കുറവാണോ ?? അതിനുത്തരം കണ്ടെത്തുന്നിടത്ത് നാം വിജയിക്കും.. ഉറപ്പ്!!
ക്രൂരമായ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ഞാന്‍ ഇന്നും ചിരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഇതൊരു കുറവല്ല എന്ന് മനസിലാക്കിയതുകൊണ്ടാണ്. കറുത്തവളായതുകൊണ്ട് എനിക്ക് ഒരിക്കലും എന്റെ സ്വപ്‌നങ്ങളെ നേടാന്‍ കഴിയില്ലെന്ന് ഇന്ന് ഞാന്‍ കരുതുന്നില്ല.. Skin colour is not a barrier to my dreams.. പിന്നെന്തിന് നിറത്തെ ഓര്‍ത്തു സങ്കടപെടണം ?? ഇനിയും വിഷമം തോന്ന്യാല്‍ ഒരൊറ്റ കാര്യം ആലോചിച്ചാല്‍ മതി.
അന്നംകുട്ടി ചേട്ടന്റെ ആ ഡയലോഗ്. ‘count your blessings’..

എന്നെ കൂടുതല്‍ ഹൃദയമുള്ളവളാക്കിയ ഈ നിറത്തില്‍ ഇന്നെനിക്കു സന്തോഷം മാത്രം..

Be the first to comment

Leave a Reply

Your email address will not be published.


*