മദ്യം വാങ്ങുന്നതും ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചന; ആശങ്കയില്‍ കുടിയന്‍ന്മാര്‍

മദ്യം വാങ്ങുന്നവരെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനവുമായി കർണാടക . ഒഴിഞ്ഞ മദ്യകുപ്പികള്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്നത് നിരന്തര പരാതിയായി ഉയർന്നതോടെയാണ് മദ്യം വാങ്ങുന്നവരെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ആലോചന .

മംഗലാപുരം ആസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിസ്ഥിതി സംരക്ഷണ ഓക്താ എന്ന സംഘടനയാണ് വാങ്ങുന്നവരുടെ ആധാര്‍ നമ്പറും കുപ്പിക്ക് പുറത്തെ ബാര്‍കോഡും യോജിപ്പിച്ചുള്ള പദ്ധതിയുടെ ആശയം എക്സൈസിനു നൽകിയത് . മദ്യകുപ്പിയിലെ ബാര്‍കോഡും വാങ്ങാന്‍ വരുന്നയാളുടെ ആധാര്‍ നമ്പറും ബന്ധിപ്പിക്കുന്ന സംവിധാനം മദ്യശാലകളില്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. ഇതനുസരിച്ച് പൊതുസ്ഥലത്ത് മദ്യകുപ്പികള്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ മദ്യകുപ്പിയിലെ ബാര്‍കോ‍ഡ് സ്കാന്‍ ചെയ്ത് മനസിലാക്കാം.

കര്‍ണാടകയിലെ എക്സൈസ് വകുപ്പ് സെക്രട്ടറി എക്സൈസ് കമ്മീഷണറില്‍ നിന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പദ്ധതിയെ പറ്റി ഗൗരവകരമായി ആലോചിക്കുന്നു എന്നാണ് ഓക്തയ്ക്ക് എക്സൈസ് വകുപ്പ് നല്‍കിയ മറുപടി. പുതിയ മദ്യം വാങ്ങുമ്പോള്‍ പഴയ കുപ്പികള്‍ തിരിച്ചേല്‍പ്പിക്കാനുള്ള റീസൈക്ലിംഗ് രീതിയും ആലോചനയിലുണ്ടെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി . അതേ സമയം ഇത് നടപ്പിലാക്കിയാല്‍ ആധാര്‍ ഇല്ലാതെ മദ്യം വാങ്ങാൻ കഴിയാത്ത അവസ്ഥ വരുമോ എന്ന മദ്യപാനികളുടെ ആശങ്കയും കണക്കിലെടുക്കണമെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട് .

Be the first to comment

Leave a Reply

Your email address will not be published.


*