ആംബുലന്‍സ് വളയം പിടിച്ച് മകളെ ഡോക്ടറാക്കി അലി

ആംബുലന്‍സ് വളയം പിടിച്ച് മകളെ ഡോക്ടറാക്കി അലിയെന്ന പിതാവ് മാതൃകയായി. കാക്കവയല്‍ തെനേരി സ്വദേശികളായ മമ്മസ് റാഹില്‍ വീട്ടില്‍ അലി-ബുഷ്‌റ ദമ്പതികളുടെ മകള്‍ അഷ്‌ന അലിയാണ് തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് വിജയിച്ചത്.

സ്‌കൂള്‍ പഠനം കാക്കവയല്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലും പ്ലസ് ടു പഠനം മീനങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലും പൂര്‍ത്തീകരിച്ച അഷ്‌ന, പാലാ ബ്രില്യന്‍സില്‍ ഒരു വര്‍ഷം എന്‍ട്രന്‍സ് കോച്ചിംഗിന് പോയിരുന്നു.അഷ്‌ന അലിക്ക് മെറിറ്റിലാണ് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചത്.നിരവധി വര്‍ഷങ്ങളായി ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തുവരുന്ന അലിയെ ആംബുലന്‍സിന്റെ പേര് സ്‌നേഹ എന്നത് ചേര്‍ത്ത് സ്‌നേഹ അലിയെന്നാണ് സുഹൃത്തുക്കള്‍ വിളിക്കുന്നത്.

തന്റെ മകളെ ഈ നിലയിലേക്ക് എത്തിക്കുന്നതിന് വലിയ പിന്തുണ നല്‍കിയത് ഡോ. റാഫിയും ഡോ. സുരേന്ദ്രനുമാണെന്ന് അഭിമാനത്തോടെ പറയുന്നു അലി. പിന്നോക്ക പ്രദേശത്തെ പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നാണ് ഡോ. അഷ്‌നയുടെ ആഗ്രഹം. അജ്മല്‍ അലി ഏക സഹോദരനാണ്. ഈ നേട്ടത്തില്‍ വലിയ സന്തോഷത്തിലാണ് ബന്ധുക്കളും നാട്ടുകാരും.