അമ്മേ നിനക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന കണ്ണീര്‍കാഴ്ച

കുഴിയില്‍ വീണു ചെരിഞ്ഞ ആനയുടെ മൃതദേഹത്തിനരികില്‍ നിന്നും മാറാതെ നില്‍ക്കുന്ന കുട്ടിയാനയുടെ ഹൃദയഭദേകമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ആസാമിലെ സോണിത്പൂരില്‍ നിന്നുള്ള വീഡിയോയില്‍ കുഴിയില്‍ വീണു കിടക്കുന്ന പിടിയാനയുടെ മുകളില്‍ പരിഭ്രാന്തിയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആനക്കുട്ടിയുടെ ദൃശ്യം ഏവരുടെയും കളരലിയിപ്പിക്കുന്നതാണ്.

വ്യാഴാഴ്ച സോനിത്പൂര്‍ ജില്ലയിലെ ഘോരാമാരി മേഖലയില്‍ രാംദേവിന്റെ 1300-കോടി മുതല്‍മുടക്കുള്ള പതഞ്ജലി ഹെര്‍ബല്‍ ആന്റ് ഫുഡ് പാര്‍ക്കിന്റെ പ്രൊജക്ട് സൈറ്റിലാണ് ആന ചെരിഞ്ഞത്. ബുധനാഴ്ച രാവിലെ പതഞ്ജലി കമ്പനി പ്രദേശത്തുണ്ടാക്കിയ വലിയ കുഴിയില്‍ വീണാണ് പിടിയാനയ്ക്ക് ഗുരുതര പരുക്കേറ്റത്. 24 മണിക്കൂര്‍ കഠിനവേദനയില്‍ പരുക്കേറ്റ് കിടന്ന ആന പിന്നീട് ചെരിയുകയായിരുന്നു.

സംഭവത്തില്‍, ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അസം വനംമന്ത്രി പ്രമീള ബ്രഹ്മ ഉത്തരവ് നല്‍കിയിട്ടുണ്ട്. വളരെ ദാരുണമായ സംഭവമാണ് വനമേഖലയിലുണ്ടായത്. പ്രദേശത്ത് അപകടമായ രീതിയില്‍ 14ലധികം തുറന്ന കുഴികള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വനം മന്ത്രി നിര്‍ദ്ദേശം നല്‍കി.