അവര്‍ ആവശ്യപ്പെട്ടതുപോലെ ചെയ്തുകൊടുക്കുകയായിരുന്നു തെറിവിളി കേട്ട ആ വെഡിങ് ഫോട്ടോയ്ക്ക് പിന്നിലെ സത്യം

പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വൈറലായ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വഴി പുലിവാല് പിടിച്ചിരിക്കുകയാണ് കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്. ഫോട്ടോകളിലെ ഗൗരിയുടെ വേഷമായിരുന്നു ചിത്രങ്ങള്‍ വൈറലാക്കിയത്. സദാചാരവാദികളും പാരമ്പര്യവാദികളും സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടുവെന്ന് അണിയറക്കാര്‍ പറയുന്നു.

സഭ്യതയുടെ സീമലംഘിക്കുന്നതായിരുന്നു പല കമന്റുകളും. പിന്നാലെ സമാനമായ പല ഫോട്ടോ ഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊങ്കാലയിട്ടവരുടെ കൂടെ കേരള പോലീസിന്റെ സൈബര്‍ സംഘവും ഉണ്ടായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോ ഷൂട്ട് നടത്തിയ കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്.

പിനക്കിളിന്റെ സിഇഒ ഷാലു എം. ഏബ്രഹാം പറയുന്നു. ”സത്യത്തില്‍ ഇത്രയും വൈറലാകും എന്നു കരുതി ചെയ്ത ഫോട്ടോഷൂട്ടല്ല അത്. പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വിവാഹം ഡിസംബര്‍ 20നാണ്. സമൂഹമാധ്യമങ്ങളിലെ ഞങ്ങളുടെ പേജ് കണ്ടാണ് അവര്‍ ഫോട്ടോ ഷൂട്ടിന് സമീപിച്ചത്. അവര്‍ ആവശ്യപ്പെട്ടതുപോലെ ചെയ്തുകൊടുക്കുകയായിരുന്നു. ബീച്ച് വെയറാണ്, ചെയ്ത് തരാന്‍ പറ്റില്ല എന്ന് പറയാന്‍ ഈ സര്‍വീസ് ചെയ്യുന്ന ഞങ്ങള്‍ക്ക് പറ്റുമോ. അല്ലാതെ ഞങ്ങള്‍ക്ക് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതല്ല. ചിത്രങ്ങള്‍ വൈറലായതിന്റെ സന്തോഷം റാമിനും ഗൗരിക്കുമുണ്ട്. ഗൗരി ഇക്കാര്യം പറഞ്ഞ് വോയിസ് ക്ലിപ്പും അയച്ചു”

സമൂഹമാധ്യമങ്ങളില്‍ അസഭ്യം പറയുന്നവരില്‍ പലരും ഫെയ്സ് ബുക്കിലെ ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണെന്നും അതാണ് അവര്‍ക്കുണ്ടായ ശല്യമെന്നും ഷാലു പറയുന്നു.
പിനക്കിളിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇതുവരെ ചെയ്ത മറ്റ് ഇവന്റുകളുടെ ചിത്രങ്ങളുമുണ്ട്.

കേരളത്തിലുള്ളവരുടെ ഈ പ്രീവെഡിങ് ചിത്രങ്ങള്‍ ആരും കാണുകയോ അതേപറ്റി പറയുകയോ െചയ്യുന്നില്ലെന്നും ഷാലു പറയുന്നു. ധനുഷ്കോടിയിലും ആന്‍ഡമാനിലും ശ്രീലങ്കയിലും ഒക്കെ പോയി മലയാളി ദമ്പതികളെ വച്ച് ഫോട്ടോ ഷൂട്ട് നടത്തി. അതൊന്നും ആരും കാണുന്നില്ലെന്നും ഷാലു പറഞ്ഞു.

”ഇപ്പോള്‍ ഇതിന്റെ പേരില്‍ ഫെയ്സ് ബുക്കില്‍ നിന്ന് ഫോണ്‍ നമ്പരെടുത്ത് അസഭ്യം വിളിക്കുകയാണ് പലരും. തിരിച്ചൊന്നും പറയാന്‍ പറ്റില്ല. പിനാക്കിളിന്റെ സി.ഇ.ഒയുടെ മൊഴിമുത്തുകള്‍ എന്നു പറഞ്ഞ് ഫെയ്സ്ബുക്കില്‍ ഇട്ടുകളയും. പറയൂ സുഹൃത്തേ എന്നു പറഞ്ഞ് മുഴുവന്‍ കേള്‍ക്കുകയേ നിര്‍വാഹമുള്ളു. ആ, നീ കേള്‍ക്കുന്നുണ്ടോ എന്നു ചോദിച്ചാകും പിന്നെ അസഭ്യവര്‍ഷം.

വെസ്റ്റേണ്‍ കള്‍ച്ചര്‍ അടിച്ചേല്‍പ്പിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. ചിലരൊക്കെ നല്ല അഭിപ്രായം പറയും, എന്തായാലും ഇതിനുശേഷം വര്‍ക്കും കൂടുന്നുണ്ട്”23 വയസുള്ള, തിരുവല്ല സ്വദേശിയായ ഷാലു എംബിഎ പഠിച്ച ശേഷം തുടങ്ങിയ ഒറ്റയാള്‍ കമ്പനിയാണ് പിനക്കിള്‍. ഒരുവര്‍ഷമേ ആയുള്ളു തുടങ്ങിയിട്ട്.

കുറഞ്ഞ നിരക്കില്‍ ചിത്രങ്ങളെടുത്ത് നല്‍കുന്നതാണ് രീതി. ഇപ്പോള്‍ വര്‍ക്ക് ഏല്‍പ്പിക്കുന്ന പലര്‍ക്കും ആല്‍ബമായൊന്നും ചെയ്തു കിട്ടേണ്ടെന്നും ഷാലു പറഞ്ഞു. ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇടാന്‍ കുറച്ചു ഫോട്ടോകള്‍ മതി. അതുകൊണ്ട് ഷാലുവിനും ജോലിഭാരം കുറവാണ്. എന്തായാലും സേവ് ദ ഡേറ്റ് വൈറലായതില്‍ സന്തോഷവും ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ആശങ്കയുമാണ് ഷാലുവിനിപ്പോള്‍.

Be the first to comment

Leave a Reply

Your email address will not be published.


*