‘വീട്ടില്‍ കുട്ടിക്കളിയില്ല, കുട്ടിക്കാലം മുതല്‍ കുടുംബഭാരം ഏറ്റെടുത്ത് ജീവിച്ചയാളാണ് ഞാന്‍’

കഥ കേട്ടുകഴിഞ്ഞപ്പോള്‍ സംവിധായകന്‍ മാധവ് രാമദാസനുമുന്നില്‍ ഗിന്നസ് പക്രു നിശ്ശബ്ദനായി. സ്ഥിരം തമാശവേഷങ്ങളില്‍ നിന്നുമാറിയുള്ള കഥാപാത്രം, ശാരീരിക വെല്ലുവിളികളെ അവഗണിച്ച് കുടുംബഭാരവുമായി മുന്നോട്ടുപോകുന്ന പ്രകടനങ്ങള്‍… ആലോചനകള്‍ കാടുകയറുന്നതിനിടെ സംവിധായകന്‍ വീണ്ടും സംസാരിച്ചു.

”ഞാന്‍ മനസ്സില്‍ കണ്ട കഥാപാത്രത്തിന് അജയകുമാറിന്റെ മുഖമായിരുന്നു, നിങ്ങള്‍ക്കിത് ഭംഗിയായി അവതരിപ്പിക്കാനാകും.”പിന്നീട് കൂടുതല്‍ ആലോചനകളൊന്നുമുണ്ടായില്ല. ഇളയരാജയുടെ ഭാഗമാകാന്‍ നീട്ടിവളര്‍ത്തിയ താടിയുമായി ഗിന്നസ് പക്രു തൃശ്ശൂരിലേക്ക്…

സിനിമകണ്ട ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ സി.വി. സാരഥി ഫേസ്ബുക്കില്‍ എഴുതിയത് അഭിമാനപൂര്‍വം ഇളയരാജ വിതരണത്തിനെടുക്കുന്നെന്നും, ഗിന്നസ് പക്രു മലയാളസിനിമയില്‍ എണ്ണംപറയുന്ന അളവില്‍ വളര്‍ന്നിരിക്കുന്നുവെന്നാണ്. അഭിനയവഴിയില്‍ കരുത്തുറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ഗിന്നസ് പക്രു ഇന്ന്.

”ജീവിതത്തെ സീരിയസായി കാണുന്ന വ്യക്തിയാണ് ഞാന്‍, തമാശ പലപ്പോഴും ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്, ജോലിയുടെ ഭാഗമാണത്. വീട്ടില്‍ തമാശയും കുട്ടിക്കളിയുമില്ല. കുട്ടിക്കാലം മുതല്‍ക്കേ കുടുംബഭാരം ഏറ്റെടുത്ത് ജീവിച്ച ആളാണ്, തമാശയുടെ മേമ്പൊടിക്കുള്ളില്‍ നില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളോടെന്നുമൊരു ഇഷ്ടക്കൂടുതലുണ്ട്” ഗിന്നസ് പക്രു പറഞ്ഞു.

കഥയോടും കഥപറച്ചിലിനോടും റിയലിസ്റ്റിക്കായ സമീപനമാണ് നടത്തിയിരിക്കുന്നതെന്ന് മാധവ് രാമദാസന്‍ പറഞ്ഞു. ഫാസ്റ്റും മെലഡിയും ഇമോഷണലുമെല്ലാമുള്ള എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ജയസൂര്യ പാടിയ കപ്പലണ്ടിപ്പാട്ട് ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുദീപ്.ടി ജോര്‍ജിന്റെതാണ് തിരക്കഥ. ഗോകുല്‍ സുരേഷ്, ദീപക്, ഹരിശ്രീ അശോകന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാണ്

ഇളയരാജയിലൂടെ വീണ്ടും കേന്ദ്രകഥാപാത്രമായെത്തുന്നു പ്രതീക്ഷകള്‍ ഗിന്നസ് പക്രു: മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ മാധവ് രാമദാസനാണ് ഇളയരാജയുടെ സംവിധായകന്‍. അദ്ദേഹം നേരിട്ടുവന്ന് കഥപറയുകയായിരുന്നു. വൈകാരികമായി ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ചിത്രത്തിലെത്. കഥാപാത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ട്. പരമാവധി നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശാരീരിക വെല്ലുവിളികളെ അവഗണിച്ച് കുടുംബഭാരം ഏറ്റെടുത്ത് ജീവിക്കുന്ന കരുത്തുള്ളൊരു വേഷമാണ് ഇളയരാജയിലെത്. അപ്പോത്തിക്കിരിക്കുശേഷം വലിയൊരു ഇടവേള, പുതിയചിത്രത്തിന്റെ വിശേഷങ്ങള്‍

മാധവ രാമദാസന്‍: സിനിമയില്‍ ബോധപൂര്‍വം ഒരു ഇടവേള ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല, മനസ്സില്‍ കയറിക്കൂടിയ ഒരു കഥ പലതരം ആലോചനകളിലൂടെയും ചര്‍ച്ചകളിലൂടെയും പരിവപ്പെട്ട് സിനിമയായി പ്രദര്‍ശനത്തിനെത്താനുള്ള സ്വാഭാവിക സമയമായിരുന്നു ഇടവേള. അരികുജീവിതങ്ങളുടെ കഥയാണ് ഇളയരാജയിലൂടെ പറയുന്നത്. ഭയപ്പെടാന്‍ ഒരുപാട് വലിയവലിയ കാര്യങ്ങള്‍ ഇല്ലാത്ത, നിത്യവൃത്തിയെക്കുറിച്ച് മാത്രം ആശങ്കയുള്ളവരെക്കുറിച്ചുള്ള സിനിമയാണ്. നമുക്കുചുറ്റും കാണുന്ന ഒരുപാട് മുഖങ്ങളെ സിനിമയിലേക്ക് കൊണ്ടുവരാനായിട്ടുണ്ട്.