വേർപാടിന്റെ 3 വർഷങ്ങൾ ഫഹദാണ് മരണവാര്‍ത്ത അറിയിക്കുന്നത്

ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷേക മനസുകളില്‍ ഇടം നേടിയ നടനായിരുന്നു ജിഷ്ണു രാഘവന്‍. കരിയറിന്റെ തുടക്കത്തിലെ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഈ നടന്റെ മലയാള സിനിമയിൽ ഉയർച്ചക്ക് കാരണമായി മാറിരുന്നു. അപ്പോഴും രോഗം തന്നെ കീഴടക്കികൊണ്ടിരിക്കുമ്പോഴും ചെറു പുഞ്ചിരിയോടെ അദ്ദേഹം അവയെ എല്ലാം നേരിട്ടു

1987 ല്‍ പിതാവ് രാഘവന്റെ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലതാരമായിയാണ് മലയാള സിനിമയില്‍ ജിഷ്ണു എത്തുന്നത്‌. ശേഷം കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ സിദ്ധാർഥ്‌ ഭരതനൊപ്പം നായകനായി എത്തി. അന്ന് മുതൽ മരണംവരെ ഇരുവരും ഒറ്റ സുഹൃത്തുക്കളായിയാണ് ജീവിച്ചത്. തന്റെ ഒറ്റ സുഹൃത്തിന്റെ വേർപാടിൽ ഇന്നും വേദനിക്കുകയാണ് സിദ്ധാർഥ്‌ ഭരതൻ .

നമ്മൾ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചത് ഭരതന്റെ നിദ്രയുടെ സിദ്ധാർഥ്‌ ഭരതൻ സംവിധാനം ചെയ്ത റീമേക്കിലായിരുന്നു. ഈ ചിത്രത്തിന്റെ വാണിജ്യ നഷ്ടത്തോടെ മാനസികമായി തളർന്ന സിദ്ധാർഥ്‌ ഭരതൻ ചെന്നൈയിലേക്ക് ഒരു സുഹൃത്തിന്റെ വീട്ടിൽ താമസം മാറുകയായിരുന്നു. അപ്പോഴും സിദ്ധാർഥിനെ കാണാൻ ജിഷ്ണു എത്തുമായിരുന്നു. തന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിരുന്ന സുഹൃത്തിന്റെ വേർപാടിനെ കുറിച്ച് സിദ്ധാർഥ്‌ ഭരതൻ പറയുന്നു.

“നിദ്ര തന്ന ഭീകരമായ അനുഭവത്തിനു ശേഷം ഞാന്‍ ചെന്നൈയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ എന്ന പോലെ കഴിയുകയായിരുന്നു.അപ്പോള്‍ ജിഷ്ണു തന്റെ ബിസിനസ്സ് പരിപാടികളുമായി ചെന്നൈയിൽ തന്നെ ഉണ്ടായിരുന്നു. അവന്‍ എല്ലാ ദിവസവും കാണാന്‍ വരും. ഞങ്ങള്‍ ഒരുമിച്ചു കൂടും. ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വന്ന് ഒരു രണ്ട് മാസം കഴിഞ്ഞപ്പോള്‍ ക്യാന്‍സറാണെന്നും പറഞ്ഞുള്ള ജിഷ്ണുവിന്റെ വാട്‌സ് ആപ്പ് മെസേജ് കണ്ടു. അവന്‍ സ്ഥിരം ഇത്തരം തമാശകള്‍ ഇറക്കാറുള്ളതുകൊണ്ട് ഞാനത് വിശ്വസിച്ചില്ല. പക്ഷെ അവന്‍ സീരിയസായപ്പോള്‍ കാര്യം മനസ്സിലായി.

അതോടെ മനസ്സ് വല്ലാതെ ഉലഞ്ഞു പോയി. ഒരു അടിക്ക് പുറകെ അടുത്തത് എന്നപോലെ തകര്‍ന്നു. അപ്പോഴും വാട്‌സ് ആപ്പില്‍ പൊട്ട തമാശകള്‍ അയച്ച് അവനുമായി എല്ലാ ദിവസവും സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ ‘ചന്ദ്രേട്ടന്‍ എവിടെയാ’ സിനിമ റെഡിയായി. ജിഷ്ണുവിനെ അതില്‍ അഭിനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ അവന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയില്‍ വാര്‍ത്ത ഇറങ്ങി. അത് കണ്ടപ്പോള്‍ മനസ് വല്ലാതെ വിഷമിച്ചിരുന്നു. പ്രതികരിക്കാന്‍ തല്‍പര്യമില്ലാത്തതുകൊണ്ട് അന്ന് പ്രതികരിച്ചില്ല. അപ്പോഴാണ് ആക്സിഡന്റ് ഉണ്ടായത്. ഭേദമായപ്പോള്‍ ജിഷ്ണു വീട്ടില്‍ വന്ന് കണ്ടു. സാരമില്ല എല്ലാം ശരിയാകുമെന്ന് ജിഷ്ണു തോളില്‍ തട്ടി പറഞ്ഞു.

നമ്മള്‍ ഒരുമിച്ച് അടുത്ത പടം ചെയ്യുമെന്ന് ജിഷ്ണുവിന് മറുപടിയും കൊടുത്തു. പക്ഷെ ഇത്ര പെട്ടെന്ന് അവന്‍ പോകമെന്ന് കരുതിയില്ല, ഒരു വെള്ളിയാഴ്ചയാണ് അവന്‍ മരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ അയക്കുന്ന മെസേജുകള്‍ക്ക് മറുപടി വരാതിരുന്നപ്പോള്‍ തന്നെ പേടിച്ചിരുന്നു. ഫഹദാണ് മരണവാര്‍ത്ത അറിയിക്കുന്നത്. ജിഷ്ണു എന്ന് മാത്രമെ ഞാന്‍ കേട്ടുള്ളു. അപ്പോഴേക്കും നെഞ്ചില്‍ നിന്നെന്തോ ഇറങ്ങിപ്പോയത് പോലെ വേദനയായി. ഫഹദ് തന്നെ വീട്ടില്‍ വന്ന് ജിഷ്ണുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവനെ കാണുന്നത് വരെ പിടിച്ച് നിന്നു. പക്ഷെ ആ കിടപ്പ് കണ്ടപ്പോള്‍ നിയന്ത്രിക്കാനായില്ല. ”

പതിയെ രോഗം എല്ലാം കവർന്നെടുക്കുമ്പോളും ചിരിച്ചു കൊണ്ടാണ് ഈ നടൻ നേരിട്ടത്‌. രോഗം തന്നെ കിഴ്പെടുത്തുന്നുണ്ടെങ്കിലും ആ ചെറു പുഞ്ചിരിയിലൂടെ അദ്ദേഹം ഉറ്റവരുടെ മനസ്സിൽ ജയ്‌ക്കുകയായിരുന്നു . എന്നും ഓർമ്മകളിൽ മലയാളികളുടെ മനസ്സിൽ ഈ നടൻ ജീവിക്കും.