മൊട്ടാമ്പുളി ആള് കേമനാണ് ഈ കേമത്തം തിരിച്ചറിയാത്തത് നമ്മൾ മലയാളികൾ തന്നെ

കൗതുകത്തിന് അടർത്തിയെടുത്ത് തിന്നുമെന്നതൊഴിച്ചാൽ മറ്റ് ഫലങ്ങൾ പോലെ അത്ര പ്രിയമായിട്ടില്ല ഇപ്പഴും മൊട്ടാമ്പുളി. കുട്ടികള്‍ പൊട്ടിച്ചെടുത്ത് നെറ്റിയില്‍ ഇടിച്ച് പൊട്ടിച്ച് ഒച്ചയുണ്ടാക്കുന്ന മൊട്ടാമ്പുളി എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ബെറി വെറുമൊരു പാഴ്‌ച്ചെടിയല്ല.

മുട്ടാമ്പുളിങ്ങ, ഞൊറിഞ്ചൊട്ട എന്നൊക്കെ വിവിധ പ്രദേശങ്ങളില്‍ അറിയപ്പെടുന്ന ഗോള്‍ഡന്‍ ബെറിക്ക് അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ വലിയ ഡിമാന്റാണ്. ഇതിന്റെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞ വിദേശ രാജ്യങ്ങള്‍ പലതും ഇവ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്യുമ്പോള്‍ മലയാളികള്‍ക്ക് ഇപ്പോഴും മൊട്ടാമ്പുളിയെ തിരിച്ചറിയാനായിട്ടില്ല.

തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയന്‍ എന്ന് വിളിക്കുന്ന ഈ കാട്ട് ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയോളമാണ് വിദേശങ്ങളില്‍ വില. നമ്മുടെ തേങ്ങയേക്കാള്‍ വിലയുണ്ടെന്നര്‍ഥം. യുഎഇയില്‍ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒമ്പത് ദിര്‍ഹമാണ് വില. ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയുന്നത്.

ഉമാമി എന്ന അഞ്ചാമത്തെ രുചി അടങ്ങിയിട്ടുള്ളതിനാല്‍ ഭക്ഷണങ്ങളില്‍ രുചി വര്‍ധിപ്പിക്കാനും മൊട്ടാമ്പുളിയുടെ ചില വകഭേദങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഫൈസിലിസ് മിനിമ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മൊട്ടാമ്പുളി കര്‍ക്കടക കഞ്ഞിക്ക് ഉപയോഗിക്കാറുണ്ട്.

മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഇതിന്റെ പച്ച കായയ്ക്ക് ചവര്‍പ്പാണ്. പഴുത്താല്‍ പുളി കലര്‍ന്ന മധുരമുള്ള രുചിയായിരിക്കും. വേനല്‍ കാലത്ത് പൊതുവെ ഇതിന്റെ ചെടി കരിഞ്ഞ് പോകും.