റെയില്‍വേ ട്രാക്കില്‍ രക്തംവാര്‍ന്ന് ഗുരുതരാവസ്ഥയില്‍ യുവാവിനെ ചുമലിലെടുത്ത് പോലീസുകാരന്‍ ഓടിയത് 1.5 കിലോമീറ്റര്‍

ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിന് കൈത്താങ്ങായി പോലീസുകാരന്‍. മധ്യപ്രദേശിലെ സിയോനി മാല്‍വയിലാണ് പോലീസുകാരന്റെ സമയോചിത പ്രവര്‍ത്തനത്തിലൂടെ ഒരു ജീവന്‍ രക്ഷപ്പെടുത്തിയത്. സ്ഥലത്ത് ഉടനെത്തിയ കോണ്‍സ്റ്റബിളായ പൂനം ബില്ലോ പരിക്കേറ്റ അജിത് എന്ന യുവാവിനെയും കൊണ്ട് ഒന്നര കിലോമീറ്ററോളം ഓടുകയായിരുന്നു.

രാവണ്‍ പിപ്പല്‍ഗഡിലാണ് ശനിയാഴ്ച രാവിലെ അജിത് എന്ന ഇരുപതുകാരന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണത്. വീഴ്ചയില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെക്കുറിച്ച് പ്രദേശവാസിയായ ഒരാള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കോണ്‍സ്റ്റബിളായ പൂനം ബില്ലോറും ഡ്രൈവര്‍ രാഹുല്‍ സക്കാലെയും സ്ഥലത്തെത്തിയത്.

റെയില്‍വേ ട്രാക്കിനു സമീപം ഗുരുതരമായി പരിക്കേറ്റ് മരണാസന്നനായി കിടക്കുകയായിരുന്ന അജിത്. സംഭവ സ്ഥലത്തേയ്ക്ക് വാഹനങ്ങളൊന്നും എത്തിച്ചേരുമായിരുന്നില്ല. യുവാവിനെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കേണ്ടതിനാല്‍ ചുമലിലെടുത്ത് പോലീസ് ജീപ്പുവരെ നടക്കുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.

റയില്‍വേ ട്രാക്കില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു പോലീസ് വാഹനം ഉണ്ടായിരുന്നത്. അവിടെവരെ പൂനം ബില്ലോര്‍ ഓടുകയായിരുന്നു. വൈകാതെ ആശുപത്രിയിലെത്തിച്ച അജിത് ഇപ്പോള്‍ ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

യുവാവിനെ ചുമലിലെടുത്ത് കോണ്‍സ്റ്റബിള്‍ പൂനം ബില്ലോര്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാട്ടുകാരനായ ഒരാള്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ. പോലീസുകാരന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ പുകഴ്ത്തുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.