ഭൂമിയ്‌ക്കടിയിലുള്ള ഏതോ ലോകത്ത് നിന്നും; “ചെന്നായ് കെണിയിലേക്ക് എത്തിപ്പെട്ട കുട്ടികളുടെ കഥ”

12ാം നൂറ്റാണ്ടിൽ സ്‌റ്റീഫൻ രാജാവിന്റെ ഭരണക്കാലത്ത് ഇംഗ്ലണ്ടിലെ വൂൾപിറ്റ് ഗ്രാമത്തിൽ ഒരു വിചിത്ര സംഭവം ഉണ്ടായി. അന്നൊക്കെ ഗ്രാമങ്ങളിൽ ചെന്നായ്‌ക്കളെ വലയിൽ വീഴ്‌ത്താനായി കർഷകർ വുൾഫ് പിറ്റ് എന്ന കെണികൾ സ്ഥാപിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ വൂൾപിറ്റ് ഗ്രാമത്തിലെ ഒരുകെണിയിൽ അകപ്പെട്ട രണ്ട് കുട്ടികളെ കർഷകർ കണ്ടെത്തി. ഒന്ന് ആൺകുട്ടിയും മറ്റേത് പെൺകുട്ടിയുമായിരുന്നു. ഇരുവരുടെയും ത്വക്കിന് പച്ച നിറമായിരുന്നു. !

അവർ ധരിച്ചിരുന്നത് ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം തുണിയാൽ നിർമിതമായ വസ്ത്രവും. കർഷകർ അവരെ ആ കുഴിയിൽ നിന്നും രക്ഷപ്പെടുത്തി ഗ്രാമത്തിലേക്ക് കൊണ്ടു പോയി. അന്നേവരെ അവർ ആരും കേട്ടിട്ടില്ലാത്ത ഭാഷയായിരുന്നു ആ കുട്ടികൾ സംസാരിച്ചിരുന്നത്.കർഷകർ കുട്ടികൾക്ക് ഭക്ഷണം നൽകിയെങ്കിലും അവർ അത് കഴിക്കാൻ വിസമ്മതിച്ചു. രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ബീൻസ് കണ്ട കുട്ടികൾ അത് ആർത്തിയോടെ കഴിച്ചു. പിന്നീട് സാധാരണ ആഹാരം കഴിക്കാൻ തുടങ്ങിയതോടെ കുട്ടികളുടെ പച്ച നിറം മാറാൻ തുടങ്ങി. എന്നാൽ ദിവസങ്ങൾ പോകവേ ആൺകുട്ടി ആരോഗ്യം ക്ഷയിച്ച് മരണത്തിന് കീഴടങ്ങി. പെൺകുട്ടി പതുക്കെ ഗ്രാമീണരുമായി പൊരുത്തപ്പെട്ട് ഇംഗ്ളീഷ് ഭാഷ പഠിച്ചു.

തുടർന്ന് അവൾ തന്റെ കഥ പറഞ്ഞു: ‘മരിച്ചത് തന്റെ സഹോദരനാണ്. ലാൻഡ് ഒഫ് സെന്റ് മാർട്ടിൻ എന്ന ഭൂമിയ്‌ക്കടിയിലുള്ള നാട്ടിൽ നിന്നുമാണ് തങ്ങൾ വന്നത്. തങ്ങളുടെ നാട്ടിൽ എപ്പോഴും സന്ധ്യാ സമയം ആണ്. അവിടെ ജീവിക്കുന്ന മനുഷ്യർക്കെല്ലാം പച്ച നിറമാണ്. ഒരിക്കൽ താനും സഹോദരനും കൂടി പിതാവിന്റെ കന്നുകാലികളെ മേയ്‌ക്കുന്നതിനിടെ ഒരു ഗുഹ കാണുകയുണ്ടായി. ഗുഹയിൽ നിന്നും മണി മുഴങ്ങുന്ന പോലുള്ള ശബ്‌ദവും കേട്ടു. ശബ്‌ദത്തെ പിന്തുടർന്ന് ഗുഹയിലെ ഇരുട്ടിലൂടെ തങ്ങൾ നീങ്ങി. ഒടുവിൽ ഗുഹാമുഖത്ത് എത്തിയപ്പോഴേക്കും ശക്തമായ പ്രകാശം തങ്ങളുടെ കണ്ണുകളിൽ പതിച്ചു.

കുറേ നേരം എവിടേക്ക് പോകണമെന്നറിയാതെ സ്‌തംഭിച്ചു നിന്ന തങ്ങൾക്ക് തിരികെ പോകാനുള്ള വഴി കണ്ടെത്താനായില്ല. അവിടെ നിന്നുമാണ് ഗ്രാമീണർ തങ്ങളെ കണ്ടെത്തിയത് ! ‘.ഭൂമിയ്‌ക്കടിയിലുള്ള ഏതോ ലോകത്ത് നിന്നും ചെന്നായ് കെണിയിലേക്ക് എത്തിപ്പെട്ട കുട്ടികളുടെ കഥ കേട്ട് ഗ്രാമീണർ അമ്പരന്നു. ആ കുട്ടി പിന്നീട് കുറേ വർഷം ജീവിച്ചതായി പറയപ്പെടുന്നു. ആ കുട്ടി പറഞ്ഞതൊക്കെ ശരിക്കും യാഥാർത്ഥ്യമാണോ.? അതോ ഇംഗ്ലണ്ടിൽ വാമൊഴിയായി പ്രചരിച്ച ഒരു നാടോടിക്കഥയോ.? ഇന്നും കൃത്യമായ ഒരുത്തരം ആരും കണ്ടെത്തിയില്ല.

Be the first to comment

Leave a Reply

Your email address will not be published.


*